തിരുവനന്തപുരത്തുകാർ കുടിവെള്ള പൈപ്പ് ലൈനിന് അടുത്താണ് താമസമെങ്കിൽ കൊച്ചിക്കാർ പലതരം ഗ്യാസ് പൈപ്പ് ലൈനുകൾക്കു മുകളിലാണ് ജീവിക്കുന്നത്. പലതരം കേബിളുകളും പൈപ്പ് ലൈനുകളും നാടെങ്ങും റോഡുകൾക്കൊപ്പം പായുന്നുണ്ട്. ആ റോഡുകളിലൂടെയാണ് പാചകവാതകവും മാരക രാസവസ്തുക്കളും നിറച്ച വൻ ടാങ്കറുകൾ ചീറിപ്പായുന്നത്.
പ്റൊഫ. രഘുനാഥൻ ഇനിയും ആ ആഘാതത്തിൽനിന്ന് മുക്തനായിട്ടില്ല. തിരുവനന്തപുരം നഗരത്തിലേക്കു കുടിവെള്ളമെത്തിക്കുന്ന കൂറ്റൻ പൈപ്പ് പൊട്ടിയപ്പോൾ തലനാരിഴയ്ക്കാണ് അദ്ദേഹവും കുടുംബവും രക്ഷപ്പെട്ടത്. പക്ഷേ അദ്ദേഹത്തെ അലട്ടുന്ന പ്റശ്നം അധികൃതരുടെ നിസംഗതയാണ്.
ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിൽ ഇരിക്കുന്നവർ കുറ്റകരമായ നിസംഗത പുലർത്തിയാൽ അതിന് ഇരയാകേണ്ടിവരുന്നത് എന്നും സാധാരണക്കാരാണ്. ഉന്നത പദവികളിലിരിക്കുന്നവരും ഇതേ സമൂഹത്തിലുള്ളവർ തന്നെ. പക്ഷേ അവർ ഇനി അക്കാര്യം ഓർമ്മിക്കണമെങ്കിൽ റിട്ടയർ ആകണം. അന്ന് പൗരാവകാശ സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും തലപ്പത്തിരുന്ന് സാധാരണക്കാർക്കുവേണ്ടി അവർ ശബ്ദിക്കുന്നത് നമുക്കു കാണാം.
തിരുവനന്തപുരം എം.ജി. കോളേജിൽ നിന്നു വിരമിച്ച് പാപ്പനംകോട്ടുനിന്ന് സ്വന്തം ഗ്റാമമായ അരശുപറന്പിലേക്കു മാറുന്പോൾ സ്വസ്ഥജീവിതമായിരുന്നു മനസിൽ. മക്കൾ ഇരുവരും വിവാഹിതരായി ജോലിസ്ഥലത്താണ്. പുരാവസ്തു ശേഖരണത്തിലും മറ്റും അതീവ താത്പര്യമുള്ളതിനാൽ രണ്ടുനില വീടിന്റെ ടെറസിൽ ഒരു നാട്ടറിവു മ്യൂസിയം തുടങ്ങി. കാർഷിക കേരളം ഉപയോഗിച്ചിരുന്ന എല്ലാ സാമഗ്റികളും ഭാവിതലമുറയ്ക്കായി തപ്പിപ്പിടിച്ചെടുത്തു. ഉരലും മരക്കുഴവികളും മൺപാത്റങ്ങളും താളിയോലകളും ദാരുശില്പങ്ങളും തുടങ്ങി പതിറ്റാണ്ടു മുൻപ് ഉപയോഗിച്ചിരുന്നതും ഇന്ന് പഴയ തലമുറയുടെ ഓർമ്മയിലുള്ളതുമായതെല്ലാം അവിടെ സ്ഥാനംപിടിച്ചു.
അങ്ങനെ ജീവിതം സ്വച്ഛമായി മുന്നോട്ടുപോകുന്നതിനിടെ, വീടിനു മുന്നിലെ റോഡിൽ ഭൂമിയിൽ നിന്നൊരു നീരുറവ പ്റൊഫസറുടെ കണ്ണിൽപ്പെട്ടു. നെടുമങ്ങാട്ടുകാർക്ക് അത് പ്റത്യേകം പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അരുവിക്കരയിൽനിന്ന് തിരുവനന്തപുരം നഗരത്തിലേക്കു കുടിവെള്ളമെത്തിക്കുന്ന പൈപ്പ് അതുവഴിയാണ് കടന്നുപോകുന്നത്. അതിൽ ചോർച്ചയുണ്ടാകുന്നതും പൊട്ടുന്നതുമെല്ലാം സംഭവ്യമാണ്.
പ്റൊഫസർ ഉടൻതന്നെ ജല അതോറിട്ടി ഓഫീസിൽ വിളിച്ച് വിവരം ധരിപ്പിച്ചു. ആളെ ഉടൻ അയക്കാമെന്നു മറുപടിയും കിട്ടി. ഒരാഴ്ച കടന്നുപോയിട്ടും ആരും എത്തിയില്ല. ഇത്തവണ പഞ്ചായത്തിലും കാര്യം പറഞ്ഞു. ശ്റമിക്കാമെന്ന് അവർ ഉറപ്പുകൊടുത്തു. ലീക്കുണ്ടായാൽ ആരും വരില്ല, പൊട്ടിക്കഴിഞ്ഞേ വരൂവെന്ന് നാട്ടുകാരിൽ ചിലർ അനുഭവസാക്ഷ്യം പറഞ്ഞു.
ആഴ്ചകൾ കടന്നുപോയി. ചോർച്ച അഭംഗുരം തുടർന്നു. ചരൽ റോഡിലെ മണ്ണ് ഒലിച്ചുപോയി കുഴികൾ രൂപപ്പെട്ടു. ഒന്നരമാസമായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.
ഒരു രാത്റി. താഴത്തെ നിലയിലെ കിടപ്പുമുറിയിൽ ഭാര്യയും മകളും മകളുടെ പ്റസവിച്ച് ആറു മാസമാകാത്ത കുഞ്ഞും കിടന്നുറങ്ങുന്നു. പ്റൊഫസർ മുകളിലത്തെ മുറിയിൽ തന്റെ കാഞ്ഞിരക്കട്ടിലിൽ വായിച്ചുകിടന്ന് ഉറങ്ങിപ്പോയി. രാത്റി എപ്പോഴോ വലിയൊരു ശബ്ദം കേട്ടുണർന്നു. വീടീനു മുന്നിലുള്ള ഭീമൻ പൈപ്പ് പൊട്ടിയതാണ്. അതിശക്തമായ വെള്ളത്തള്ളൽ വീടിനു നേർക്ക്. രണ്ടുനില ഉയരത്തിൽ വെള്ളം ചീറിയടിച്ചു.
നിമിഷങ്ങൾക്കകം വീടിന്റെ പടിപ്പുരയും പ്റധാനവാതിലും വെള്ളം തകർത്തെറിഞ്ഞു. ജനൽച്ചില്ലുകൾ തകർത്തുകൊണ്ട് മുറിക്കുള്ളിലേക്ക് വെള്ളം കുതിച്ചെത്തി. വെള്ളത്തോടൊപ്പം കല്ലും മണ്ണും അടിച്ചുകയറി. ശബ്ദം കേട്ട് ഓടിയെത്തിയ അയൽക്കാർ താഴത്തെ മുറിയിൽ അന്പരന്നുനിന്ന അമ്മയെയും കുഞ്ഞിനെയും അമ്മൂമ്മയെയും ഉടൻതന്നെ അവിടെ നിന്നു രക്ഷിച്ചുമാറ്റി.
വെള്ളത്തിന്റെ തിരതള്ളലിൽ എങ്ങനെയോ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. കുറ്റാക്കുറ്റിരുട്ടത്ത് വെള്ളവും മണ്ണും ജനൽ തകർത്തപ്പോൾ പൈപ്പ് പൊട്ടിയതാകാമെന്ന അറിവ് പ്റൊഫസർക്കുണ്ടായി. കട്ടിൽ അപ്പോഴേക്കും വെള്ളത്തിൽ തോണിപോലെ ആയി. ഒഴുക്കിന്റെ ശക്തിയിൽ മുറിയുടെ വാതിലടഞ്ഞ് മുറി ഒരു ജലസംഭരണിയായി.
സുനാമി പോലെ ജലനിരപ്പ് ഉയർന്നപ്പോൾ ആദ്യം എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച പ്റൊഫസർ ഷെൽഫ് സ്പേസിൽ പിടിച്ചുനിന്നു. താഴെ നിന്ന് ആളുകൾ ഓടിവരുന്ന ശബ്ദം കേട്ടു. അപ്പോഴേക്കും വെള്ളം കഴുത്തറ്റമായി. ഉടൻ തന്നെ നീന്തി ഫാനിന്റെ ഹുക്കിൽ പിടിച്ചു. തല മേൽക്കൂരയിലിടിച്ചു. ഓടിക്കൂടിയവർ വാതിൽ തള്ളിനോക്കി. വെള്ളത്തിന്റെ സമ്മർദ്ദത്തിൽ വാതിൽ തുറന്നില്ല.
‘‘നിങ്ങളാരെങ്കിലും മഴുവെടുത്ത് വാതിൽ വെട്ടിപ്പൊളിക്ക് ’’പ്റൊഫസർ നിർദ്ദേശിച്ചു. അങ്ങനെയാരോ വാതിൽ വെട്ടിപ്പൊളിച്ചു. അവരെ തട്ടിനീക്കി വെള്ളം പുറത്തേക്കൊഴുകി. കല്ലും മണ്ണും കുപ്പിച്ചില്ലുകളും വന്നടിച്ച് പ്റൊഫസറുടെ ദേഹമാസകലം മുറിവേറ്റതൊഴിച്ചാൽ അത്ഭുതകരമായി ആ കുടുംബം രക്ഷപ്പെട്ടു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ അദ്ദേഹത്തിന്റെ വീട്ടിലെ സാധനസാമഗ്റികൾ പലതും ഒലിച്ചുപോയി. അവയെ മണ്ണു മൂടിക്കളഞ്ഞു. മുറ്റത്തുകിടന്ന കാറും ചെളിയിൽ പുതഞ്ഞു.
വിവരമറിഞ്ഞ് രാഷ്ട്റീയ നേതാക്കളും ജനപ്റതിനിധികളും ജലഅതോറിട്ടി ഉദ്യോഗസ്ഥരും ഓടിയെത്തി. പല ഉറപ്പുകളും നൽകി. പക്ഷേ ഒന്നും നടന്നില്ല. നഷ്ടപരിഹാരം അനുവദിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നാണ് അധികൃതർ പറയുന്നത്. അതിനു കാത്തുനിൽക്കാതെ വീട് രണ്ടാമതും ശരിയാക്കുന്ന തിരക്കിലാണ് പ്റൊഫസർ രഘുനാഥൻ. നഷ്ടം അദ്ദേഹത്തിന്റേതു മാത്റമാണല്ലോ.
തിരുവനന്തപുരത്തുകാർ കുടിവെള്ള പൈപ്പ് ലൈനിന് അടുത്താണ് താമസമെങ്കിൽ കൊച്ചിക്കാർ പലതരം ഗ്യാസ് പൈപ്പ് ലൈനുകൾക്കു മുകളിലാണ് ജീവിക്കുന്നത്. പലതരം കേബിളുകളും പൈപ്പ് ലൈനുകളും നാടെങ്ങും റോഡുകൾക്കൊപ്പം പായുന്നുണ്ട്. ആ റോഡുകളിലൂടെയാണ് പാചകവാതകവും മാരക രാസവസ്തുക്കളും നിറച്ച വൻ ടാങ്കറുകൾ ചീറിപ്പായുന്നത്. ഇത്തരം അപകടങ്ങൾക്കരികിൽ താമസിക്കുന്നവർക്ക് അവരുടെതല്ലാത്ത കുറ്റം കൊണ്ട് അപകടം സംഭവിക്കുന്പോൾ അതിന് പരിഹാരനടപടിയില്ലെന്നു വരുന്നത് പരിഷ്കൃത സമൂഹത്തിന് അപമാനകരമാണ്.
നാട്ടിൽ ഏതു വികസന പ്റവൃത്തികൾ നടക്കുന്പോഴും അതിനു വില നൽകേണ്ടി വരുന്ന ജന്മങ്ങളുണ്ട്. അവരുടെ ത്യാഗവും നഷ്ടവും ഗുണഭോക്താക്കൾ ഓർമ്മിക്കാറില്ല. ഗുണഫലങ്ങൾ എത്തിക്കുന്നതിലുള്ള അത്യുൽസാഹത്തിന്റെ പത്തിലൊന്ന് ദോഷഫലങ്ങൾ പ്റതിരോധിക്കുന്നതിൽ കാണിക്കേണ്ടതല്ലേ? ചോർച്ച കണ്ടെന്നു പരാതി ലഭിച്ച ദിവസം രണ്ടോ, മൂന്നോ മണിക്കൂർ ചെലവഴിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തമാണ് അലംഭാവം കൊണ്ട് ക്ഷണിച്ചുവരുത്തി ജനത്തിന്റെ തലയ്ക്ക് കെട്ടിവച്ചത്.
വേണ്ട, അപകടം നടന്നുകഴിഞ്ഞ് സഹായം നൽകേണ്ട. അപകടം സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാമല്ലോ. അപകടസാദ്ധ്യത ചൂണ്ടിക്കാണിക്കുന്പോഴും പരാതികൾ പറയുന്പോഴും അവയുടെ നിജസ്ഥിതി പരിശോധിക്കേണ്ടവർ ആ ഉത്തരവാദിത്വം നിറവേറ്റുന്നതു കാണാനാണ് ജനം ആഗ്റഹിക്കുന്നത്.