കഴിഞ്ഞയാഴ്ച ഒരു ബന്ധുവീട്ടിൽ വച്ചാണ് സുമയെ കണ്ടത്. അവർ ഏറെ സന്തോഷവതിയായി കാണപ്പെട്ടു. ചിരിയും പ്റസരിപ്പും അവരിലേക്ക് തിരിച്ചുവന്നിരിക്കുന്നു. നാലു കൊല്ലം മുൻപ് കാണുന്പോൾ ആകെ തകർന്ന മട്ടിലായിരുന്നു അവർ. ജീവിത നൈരാശ്യത്തിന്റെ പടുകുഴിയിൽ അകപ്പെട്ട കദനം വിങ്ങുന്ന മുഖഭാവം. എല്ലാം കൈവിട്ടുപോയെന്ന മട്ടിലുള്ള പെരുമാറ്റം. പെരുമാറ്റം പലപ്പോഴും ദുസ്സഹം. വാക്കുകൾ പോലും പരുഷം. അവർ അങ്ങനെയായില്ലെങ്കിലേ അത്ഭുതമുള്ളൂ.
മൂന്നു പതിറ്റാണ്ടു മുൻപ് സിവിൽ എൻജിനിയറിംഗിൽ ഉന്നത വിജയം നേടിയ സുമയുടെ ഫോട്ടോ അന്ന് പത്റങ്ങളിൽ വന്നത് ഞാനപ്പോൾ ഓർത്തു. താമസിയാതെ ഒരു കൺസ്ട്റക്ഷൻ കന്പനിയിൽ ജോലിയും കിട്ടി. മകൾ ജോലിക്കു പോകുന്നതിൽ ബന്ധുക്കൾ അത്റ തൃപ്തരായിരുന്നില്ല. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കേണ്ട പെൺകുട്ടി വർക്ക് സൈറ്റുകളിൽ തൊഴിലാളികൾക്കൊപ്പം വെയിലു കൊള്ളേണ്ട കാര്യമെന്തെന്ന് സുമയുടെ അമ്മ പോലും ചോദിച്ചു. എങ്കിലും സുമയുടെ ജോലി വിവാഹം വരെ തുടർന്നു.
ഭർത്താവ് സുരേഷ് ബാങ്ക് ഉദ്യോഗസ്ഥൻ. സുമയുടെ തറവാടിന് ഒത്ത സാന്പത്തിക സ്ഥിതി. സഹോദരി ഡൽഹിയിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ഉയർന്ന ഉദ്യാഗസ്ഥ. പക്ഷേ വിവാഹത്തിന്റെ ഒരു ഉപാധി പെൺകുട്ടി ജോലിക്ക് പോകരുതെന്നായിരുന്നു. സുമ എതിർത്തെങ്കിലും ആരുമത് കാര്യമാക്കിയില്ല. ‘കുട്ടി ചെലവിനു കൊണ്ടുവന്നിട്ടു വേണ്ട എന്റെ മകനു കഴിയാൻ’ എന്ന് ഭാവി അമ്മായിയമ്മയുടെ വിരട്ടലും. വിവാഹം കേമമായി നടന്നു. സുമ തിരക്കുകളോടു വിടപറഞ്ഞ് കുടുംബിനിയായി. രണ്ടു കുട്ടികളുടെ അമ്മയായി.
വർഷങ്ങൾ കടന്നുപോയി. എന്നാൽ പൊടുന്നനെ കാര്യങ്ങൾ കൈവിട്ടു. സുരേഷ് ഒരു സാന്പത്തിക തിരിമറി കേസിൽ അകപ്പെട്ടു. ജോലി നഷ്ടമായി. ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് കേസിൽനിന്ന് തലയൂരിയത്. പക്ഷേ അയാൾ മദ്യപാനത്തിന് അടിപ്പെട്ടു. ഒടുവിൽ ഒരു ലഹരിവിമുക്ത കേന്ദ്റത്തിൽ ആക്കേണ്ടിവന്നു.
അതോടെ കുടുംബത്തിന്റെ ചുമതല സുമയുടെ തോളിലായി. അവർ പതറിയില്ല. പക്ഷേ ആയ കാലത്ത് ജോലിയുണ്ടായിരുന്നെങ്കിൽ എന്നവർ ചിന്തിച്ചിരിക്കണം. ക്ളാസിലെ ഏറ്റവും സമർത്ഥയായ താൻ തൊഴിലില്ലാതെയിരിക്കുന്പോൾ തനിക്കൊപ്പം പഠിച്ച അത്റയൊന്നും മിടുക്കില്ലാത്തവർ സർക്കാരിലും സ്വകാര്യ മേഖലയിലും ഉന്നത സ്ഥാനമാനങ്ങൾ വഹിക്കുന്നു.
രണ്ടു പെൺമക്കളെയും എൻജിനിയറോ, ഡോക്ടറോ ആക്കണമെന്നതായിരുന്നു ആഗ്റഹം. പക്ഷേ അതിനുള്ള സാന്പത്തികസ്ഥിതിയില്ല. മൂത്തയാളെ എം.ബി.എയ്ക്ക് ചേർത്തു. രണ്ടാമത്തെയാൾ മാദ്ധ്യമ പഠനമാണ് തെരഞ്ഞെടുത്തത്. എവിടെ, എങ്ങനെ ജോലി കിട്ടുമെന്ന ആധിയുണ്ടായിരുന്നു. എന്നാൽ രണ്ടുപേർക്കും ഉടൻ ജോലിയായി. ഒരാൾ കൊച്ചിയിൽ; മറ്റേയാൾ ഹൈദരാബാദിൽ. ‘‘ അവർക്കു ജോലി വേണം. ജോലിയുള്ളവരെ കല്യാണം കഴിക്കാൻ മനസുള്ളവർക്കേ അവരെ നൽകാവൂ’’- ഓർമ്മിപ്പിക്കുന്നത് ഭർത്താവിന്റെ അമ്മ തന്നെ.
സുമയെപ്പോലെ സന്തോഷിക്കുന്ന ഒട്ടേറെ അമ്മമാർ കാണും. തങ്ങൾക്കു ലഭിക്കാതിരുന്ന അവസരങ്ങൾ പെൺമക്കളെ തേടിവരുന്നതുകാണുന്പോൾ അവരുടെ നെഞ്ച് തണുക്കുന്നുണ്ടായിരിക്കും.
നമ്മുടെ കോർപറേറ്റ് മേഖലയിൽ ഇന്ന് പെൺകുട്ടികൾക്ക് പിന്നിൽ നിൽക്കേണ്ടിവരുന്നില്ല. ഒരു പക്ഷേ എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും ആൺകുട്ടികളെക്കാൾ തിളങ്ങുന്നത് പെൺകുട്ടികൾ തന്നെ. തട്ടത്തിൻ മറനീക്കിയെത്തുന്ന മുസ്ലിം പെൺകുട്ടികളും നിരവധി.
മുൻപ് അദ്ധ്യാപനം, നേഴ്സിംഗ്, ബാങ്കിംഗ് തുടങ്ങി ഏതാനും ചില മേഖലകൾ മാത്റമാണ് പെൺകുട്ടികൾക്ക് അനുയോജ്യമെന്നു കരുതിയിരുന്നതെങ്കിൽ ഇന്ന് ഓട്ടോമൊബൈൽ മുതൽ ട്റാവൽ ആൻഡ് ടൂറിസം വരെ സമസ്ത മേഖലകളിലും ഊർജസ്വലരായ പെൺകുട്ടികളുടെ സാന്നിധ്യമുണ്ട്.
നമ്മുടെ ബിസിനസ് സ്കൂളുകളും ജേർണലിസം സ്കൂളുകളും ടൂറിസം കോഴ്സുകളും നോക്കുക. ക്ളാസിൽ ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ്. ഇവർക്കു ലഭിക്കുന്നത് കുറഞ്ഞ ജോലിയുമല്ല. പല സ്ഥാപനങ്ങളിലും വകുപ്പ് മേധാവികൾ സ്ത്റീകളാണ്. കാര്യപ്റാപ്തിയിൽ അവരാണ് ഭേദമെന്ന വിലയിരുത്തലും ശക്തമാണ്.
ടെലിവിഷൻ ചാനലുകളിലെ പരിപാടികളിൽ ആധിപത്യം സ്ഥാപിച്ചാണ് പെൺകുട്ടികൾ മികവു തെളിയിച്ചതെന്നു തോന്നുന്നു. ഒരു ബർഖാ ദത്ത് ഉണ്ടായിരുന്നിടത്ത് ഇന്ന് വാക്കുകൾ കൊണ്ട് ശരങ്ങൾ തീർക്കുന്ന വനിതാ പ്റതിഭകൾ നിരവധി. രാഷ്ട്റീയമായാലും ഓഹരി വിപണിയായാലും കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ അവർ അനായാസം തൊടുക്കുന്നു. പരിണത പ്റജ്ഞരായവർ പോലും അവർക്കു മുന്നിൽ വിയർക്കുന്നതും നമ്മൾ കാണുന്നുണ്ട്.
ഇതൊരു മാറ്റമാണ്. സ്ത്റീയുടെ സുരക്ഷിതത്വം സംബന്ധിച്ച ചർച്ചകൾ ഒരു വശത്തു നടക്കട്ടെ. പക്ഷേ നമ്മുടെ ഗ്റാമങ്ങളിലെ മൈക്റോ ഫിനാൻസിംഗിലും കുടുംബശ്റീയിലും തുടങ്ങിയ മാറ്റം കോർപറേറ്റ് ലോകത്ത് കിരൺ മജുംദാർ ഷായെയും ഇന്ദ്റാ നൂയിയെയും ഒക്കെ കടന്ന് മുന്നോട്ടു പോകുന്നതിൽ ഒരു സന്തോഷം തോന്നുന്നില്ലേ?
(കേരളകൗമുദി ആഴ്ചപ്പതിപ്പിൽ പ്റസിദ്ധീകരിക്കുന്ന ‘ചുറ്റും ചിലത് ’ എന്ന കോളം)
No comments:
Post a Comment