ബന്ധുക്കൾ, സഹപാഠികൾ, സഹപ്റവർത്തകർ, അയൽക്കാർ, പരിചയക്കാർ തുടങ്ങി പലരെയും എടുത്തുകാണിക്കാൻ സാധിക്കും. എന്നാൽ നല്ലൊരു സുഹൃത്തിനെ, ചിരകാല സുഹൃത്തിനെ ചൂണ്ടിക്കാണിക്കാൻ കഴിയുന്നവരുടെയെണ്ണം കുറഞ്ഞുവരികയാണ്. കൂട്ടുകാർ ധാരാളം പേരുണ്ടാകും. പക്ഷേ യാഥാർത്ഥ ചങ്ങാതിമാർ അവരിൽ എത്റപേർ?
ഒറ്റപ്പാലത്തിനടുത്തുള്ള ഒരു ഗ്റാമത്തിലെ തറവാട്. സന്ധ്യാസമയം. അയലത്തെ തലമുതിർന്നവർ ഒത്തുകൂടി വർത്തമാനം പറഞ്ഞിരിക്കുന്ന പതിവ് നിത്യവുമുണ്ട്. അന്നത്തെ വിഷയം കുറച്ചു ഗൗരവമുള്ളതായിരുന്നു. കേന്ദ്റ സർക്കാരിൽ ഉന്നത സ്ഥാനം അലങ്കരിച്ച് ഇന്ത്യയിൽ പലേടത്തും ജോലി ചെയ്ത ശേഷം നാട്ടിൽ വിശ്റമജീവിതം നയിക്കുന്ന ശങ്കരമേനോൻ സുഹൃത്തുക്കൾക്കു മുന്നിൽ ഒരു പ്റശ്നം അവതരിപ്പിച്ചു.
മേനോന്റെ മൂന്നാമത്തെ മകൻ തറവാടിന്റെ നിലയും വിലയും നോക്കാതെ കുറഞ്ഞ ജാതിക്കാരിയായ ഒരു പെൺകുട്ടിയെയാണ് വിവാഹം കഴിച്ചിട്ടുള്ളത്. മുംബയിലാണ് ഇരുവരും. വിഷയം അതല്ല; മേനോന്റെ കുടുംബസ്വത്ത് ഭാഗം വയ്ക്കുകയാണ്. മകന് സ്വത്തിൽ ഒരവകാശവും നൽകില്ലെന്ന വാശിയിലാണ് മേനോൻ.
‘‘എന്നെ ധിക്കരിച്ച് പോയതല്ലേ? പിന്നെ എന്റെ സ്വത്തിൽ അവകാശമെന്തിന്?’’ ഇതാണ് അദ്ദേഹത്തിന്റെ ചോദ്യം.
കൂടിയിരുക്കുന്നവരെല്ലാം ഏതാണ്ടു സമപ്റായക്കാരാണ്. പലരും പല സ്ഥാനമാനങ്ങൾ വഹിച്ചശേഷം വിരമിച്ച മഹനീയ വ്യക്തികൾ തന്നെ. മേനോൻ പറയുന്നതാണ് ശരിയെന്ന അഭിപ്റായമാണ് പലർക്കും. ചില്ലറ സംശയം പ്റകടിപ്പിച്ചവരും ‘ശങ്കരമേനോൻ അങ്ങനെയാണ് പറയുന്നതെങ്കിൽ അങ്ങനെ നടക്കട്ടെ’ എന്നു പറഞ്ഞ് പിൻവലിഞ്ഞു. അപ്പോഴാണ് വരാന്തയുടെ മൂലയിൽനിന്ന് ഒരു എതിർശബ്ദമുയർന്നത്.
‘‘ അതു ശരിയല്ല. മകൻ ചെറുപ്പത്തിന്റെ എടുത്തുചാട്ടത്തിൽ ഒരു തെറ്റു ചെയ്തിട്ടുണ്ടാകാം. അതു കഴിഞ്ഞിട്ട് കൊല്ലങ്ങളായി. രണ്ടു പേരും സുഖമായി കഴിയുന്നു. ആ തെറ്റിനെ അറിഞ്ഞുകൊണ്ടു ചെയ്യുന്ന മറ്റൊരു തെറ്റു കൊണ്ട് ശരിയാക്കാനാവില്ല’’
എല്ലാവരും അവിടേക്കു നോക്കി. മെലിഞ്ഞുണങ്ങിയ ഗോവിന്ദൻ മേനോൻ എന്ന വൃദ്ധനാണ് സംസാരിച്ചത്. സ്ഥലത്തെ സർക്കാർ സ്കൂളിൽ അറ്റൻഡറായിരുന്ന ഗോവിന്ദൻ മേനോൻ വിരമിച്ചശേഷം കൃഷികാര്യങ്ങളുമായി കഴിഞ്ഞുകൂടുകയാണ്. മറ്റുള്ളവർ നിശബ്ദരായി. ശങ്കരമേനോൻ കുറച്ചുനേരം ചിന്തിച്ചിരുന്നു. എന്നിട്ടു പറഞ്ഞു:
‘‘ ഗോവിന്ദാ, നീ പറഞ്ഞതാണ് ശരി. ദേഷ്യം കൊണ്ട് ഞാൻ അന്ധനായിപ്പോയി.’’
ആ തറവാട്ടിൽ യാദൃച്ഛികമായി ചെല്ലാനിടയായ ഒരു പൊലീസ് സുഹൃത്താണ് ഈ സംഭവം വിവരിച്ചത്. ഇത്തരം കുടുംബസദസുകൾ അന്യം നിൽക്കുന്നതിനെ കുറിച്ചും വലിപ്പച്ചെറുപ്പം നോക്കാതെ തുറന്ന അഭിപ്റായം പറയുന്ന ആർജവം അവസാനിക്കുന്നതിനെ കുറിച്ചും ഗൃഹാതുരതയോടെ സംസാരിച്ചു അദ്ദേഹം.
ശരിയാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ വിലപ്പെട്ട പലതും മലയാളിസമൂഹം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ചിലതെല്ലാം ഇനി തിരിച്ചുവരാത്തതുമാകാം. അവയിൽ ഏറ്റവും പ്റധാനം നിഷ്കളങ്ക സൗഹൃദമായിരിക്കും എന്നു തോന്നുന്നു. അപ്റിയസത്യങ്ങൾ പറയുന്നവരെ ഈർഷ്യയോടെ കാണുകയും മുഖംതിരിക്കുകയും ചെയ്യുന്നവരായി മലയാളികൾ മാറിക്കൊണ്ടിരിക്കുന്നു.
ബന്ധുക്കൾ, സഹപാഠികൾ, സഹപ്റവർത്തകർ, അയൽക്കാർ, പരിചയക്കാർ തുടങ്ങി പലരെയും എടുത്തുകാണിക്കാൻ സാധിക്കും. എന്നാൽ നല്ലൊരു സുഹൃത്തിനെ, ചിരകാല സുഹൃത്തിനെ ചൂണ്ടിക്കാണിക്കാൻ കഴിയുന്നവരുടെയെണ്ണം കുറഞ്ഞുവരികയാണ്. കൂട്ടുകാർ ധാരാളം പേരുണ്ടാകും. പക്ഷേ യാഥാർത്ഥ ചങ്ങാതിമാർ അവരിൽ എത്റപേർ?
ഡോ. രാജൻ ജോർജും രാമചന്ദ്റനും ഉറ്റ സുഹൃത്തുക്കളാണ്. ഒരിക്കലും അവർ വഴക്കിട്ടു കണ്ടിട്ടില്ല. പരസ്പരം കളിയാക്കുകയും വിമർശിക്കുകയും ചെയ്യും. എങ്കിലും കലഹിക്കാറില്ല. ഇരുപത്തഞ്ചു വർഷത്തെ ചങ്ങാത്തം ഇടമുറിയാതെ തുടരുന്നു. ഈ സുഹൃത്തുക്കളെ കുറിച്ച് മറ്റുള്ളവർക്കും മതിപ്പാണ്. കാരണം അവർ ഒത്തുചേരുന്പോൾ പല നല്ല കാര്യങ്ങളും നാട്ടിൽ നടക്കുന്നു. അവരെ കണ്ടാൽ തങ്ങളുടെ പ്റശ്നങ്ങൾക്ക് ശാന്തി ലഭിക്കുമെന്ന് കരുതുന്നവരുണ്ട്. പരിഹാരമായില്ലെങ്കിലും തങ്ങളുടെ വിഷമതകൾ കേൾക്കാനെങ്കിലും അവർ തയ്യാറാകുമെന്നതാണ് എല്ലാവർക്കുമറിയാം. ചങ്ങാത്തങ്ങൾക്ക് ഇത്തരത്തിലൊരു സാംഗത്യമുണ്ട്.
‘‘ഞങ്ങൾ തമ്മിൽ പറയാത്ത ഒരു കാര്യവുമില്ല. അറിയാത്ത രഹസ്യങ്ങളുമില്ല. എനിക്കൊരു വിഷമം വന്നാൽ അവൻ ഉണ്ടാകും. അവനൊരാവശ്യം വന്നാൽ ഞാനും. ഞാൻ പറയുന്ന എല്ലാത്തിനും ശരിവയ്ക്കില്ല. പക്ഷേ വിയോജിപ്പ് രേഖപ്പെടുത്തുന്പോൾ ഞാൻ കാണാത്ത ഒരു വശമായിരിക്കും ചൂണ്ടിക്കാണിക്കുക. വിമർശനത്തെക്കാളേറെ അതൊരു ഉപദേശമായിരിക്കും’’ രാമചന്ദ്റൻ പറഞ്ഞു.
പല സൗഹൃദങ്ങളും അല്പായുസുകളായി മാറുകയാണ് പതിവ്. കുറേക്കാലം ഉറ്റ സുഹൃത്തുക്കളായിരിക്കും. ചിലപ്പോൾ പിന്നീട് ബിസിനസ് പങ്കാളികളുമാകും. എന്നാൽ ഏറെ നാൾ കഴിയും മുൻപ് പരസ്പരം അകന്നുപോകും. പിന്നെ, കണ്ടാൽ മുഖംതിരിക്കുന്ന ശത്റുക്കളാകാനും മതി.
സുഹൃത്തുക്കൾക്കിടയിൽ സംശയം തലപൊക്കുന്നിടത്താണ് പ്റശ്നം തുടങ്ങുന്നത്. തനിക്കുള്ള സ്വാതന്ത്റ്യം തിരിച്ചറിയാതെ ചിലർ ഉപദേഷ്ടാക്കളുടെ റോൾ ഏറ്റെടുക്കും. തന്റെ അഭിപ്റായങ്ങളും ഇഷ്ടാനിഷ്ടങ്ങളും അടിച്ചേൽപ്പിക്കാൻ ശ്റമിക്കും. ശാഠ്യങ്ങൾ ഉടലെടുക്കും. ഇഷ്ടക്കേടുകൾ പ്റകടിപ്പിക്കും. ഇത്തരം മേൽക്കൈ പ്റയോഗങ്ങൾ ചങ്ങാത്തത്തിന്റെ ആയുസ് കുറയ്ക്കുന്നു.
തെറ്റായ വഴികളിലൂടെ നയിക്കുന്നവരായി ചില കൂട്ടുകെട്ടുകൾ പരിണമിക്കാറുണ്ട്. മൂല്യങ്ങളുടെ തകർച്ചയിലേക്കു നയിക്കുന്ന കൂട്ടുകെട്ടുകളെ യഥാർത്ഥ ചങ്ങാത്തമായി തെറ്റിദ്ധരിക്കുന്നവർ അപകടത്തിലാകും. ചിലരാകട്ടെ സൗഹൃദങ്ങളോടു തന്നെ വിപ്റതിപത്തി ഉള്ളവരാണ്. തന്നെ മാത്റം വിശ്വാസമുള്ള അക്കൂട്ടർ സൗഹൃദങ്ങളിൽനിന്ന് അകന്നു നിൽക്കുന്നതാണ് ഉചിതം. സൗഹൃദം പാരസ്പര്യമാണ്. ബിസിനസ് ബന്ധങ്ങളുടെ കൊടുക്കൽവാങ്ങൽ അവിടെ പിന്തുടരരുത്. രണ്ടുകൂട്ടരും കൊടുക്കുന്നവരാണ്. സുഹൃത്തിനുവേണ്ടി ത്യജിക്കാൻ മനസുള്ളവരാണ്. അവർ എപ്പോഴും പ്റിയം പറയുന്നവരാകില്ല. പക്ഷേ ഹിതകരമായതു പറയും; നിങ്ങളുടെ നന്മ ആഗ്റഹിക്കും.
പരസ്പരം നല്ലത് ആഗ്റഹിക്കുന്നു എന്നതാണ് യഥാർത്ഥ ചങ്ങാത്തത്തിന്റെ കാതൽ. നല്ലൊരു സൗഹൃദത്തിന് ജീവിതത്തെ തന്നെ ചിലപ്പോൾ വഴിതിരിച്ചുവിടാനാകും. അത്തരം നിരവധി സന്ദർഭങ്ങൾ ഇതു വായിക്കുന്നവർക്ക് സ്വന്തം ജീവിതത്തിൽ ഓർത്തെടുക്കാൻ കഴിഞ്ഞെന്നു വരാം. എത്റ നിസ്വാർത്ഥമായിരുന്നു ആ ദിനങ്ങൾ എന്നു നോക്കുക. ആ ദിനങ്ങളുടെ പ്റസരിപ്പും കുളിർമ്മയും ഇനി എന്നെങ്കിലും തിരിച്ചുവരുമോ?
ഇനി കണ്ണാടിയൊന്നു തിരിച്ചു പിടിക്കാം. സ്വന്തം സുഹൃത്തുക്കളുടെ ജീവിതത്തിൽ നമുക്ക് എന്തെങ്കിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടോയെന്നു നോക്കണം. നല്ല ഒരു ചങ്ങാതിയായിരുന്നോ എന്നു സ്വയം പരിശോധിക്കുന്നത് ഒരു വീണ്ടുവിചാരത്തിന് സഹായിച്ചെന്നു വരാം. ഇല്ലെങ്കിൽ ഇനിയും വൈകിയിട്ടില്ലെന്നു മറക്കരുത്.
സൗഹാർദ്ദങ്ങൾക്കു പ്റായം തടസമല്ല. വലിപ്പച്ചെറുപ്പമില്ല. രണ്ടു വ്യക്തികൾ തമ്മിലുള്ള കെമിസ്ട്റിയാണത്. പരസ്പരം ഒത്തുപോകാൻ സാധിക്കുന്ന, നന്മ നിറഞ്ഞ ഒരു സാന്നിധ്യമാകണമെന്നേയുള്ളൂ. അത് പ്റകാശം പരത്തുന്നതാകണം. സൗഹൃദം വ്യക്തിപരമായ തീരുമാനമായിരിക്കാം. പക്ഷേ മികച്ച സൗഹൃദങ്ങളുടെ വെളിച്ചം പരക്കുന്നത് സമൂഹത്തിലാകെയാണ്. കാരണം അതിൽനിന്ന് സർഗാത്മകതയാണ് വഴിയുന്നത്.